രാവേറെയായിട്ടും കൂടണയാതെ
നീട്ടിപ്പിടിച്ചൊരു കമ്പിയുമായ്
പോരിനിറങ്ങും പടയാളി പോല്‍
കുപ്പയിലന്നത്തെയപ്പത്തിന്‍ വക തേടും
നീയൊരു പ്രവാസി, ഇന്ത്യ തന്നഭിമാനമാം
ഇന്ത്യന്‍ പ്രവാസി
നിന്നെ പോഷിപ്പാന്‍ വകുപ്പുകളെത്രയോ
അതിന്‍ നേതാവായി തലപ്പത്തൊരു മന്ത്രിയും
നീയിന്ത്യതന്നഭിമാനമെന്നു പ്രധാനമന്ത്രി
നീയിന്ത്യതന്നന്നമെന്ന് ഓരോ മന്ത്രി പുംഗവനും
നീയില്ലാതിന്ത്യയില്ല പോല്‍
നീയില്ലാതില്ലയൊരാഘോഷവും
എന്നിനി മടക്കമെന്നറിയാതെ നീയുഴലുമ്പോള്‍
ചമക്കുന്നു നിനക്കായ് നിയമങ്ങളനവധി
നല്‍കുന്നു നിനക്ക് വാഗ്ദാനങ്ങളെഥേഷ്ടം
വരുന്നു വിമാനമേറി മന്ത്രിമാര്‍ നിന്നെ കാണാന്‍
വസിക്കുന്നു പഞ്ചനക്ഷത്ര കൂടാരത്തില്‍
തിരക്കുന്നു നിന്‍ വിശേഷങ്ങള്‍ പേര്‍ത്തും പേര്‍ത്തും
ചമക്കുന്നു നിനക്കായ് അവകാശപ്പട്ടിക
അവസാനമായിതാ വോട്ടവകാശവും
വേണ്ടിതൊന്നുമേ എനിക്ക് തെല്ലും
തരുമോ നീ ഒരു നേരത്തെ അന്നത്തിന്‍ വക
കഴിയുമോ എനിക്കീ എച്ചിലില്‍ നിന്നൊരു മോചനം
കഴിയുമോ എനിക്കെന്‍ വേരിലേക്കൊരു മടക്കം
അറിയുന്നു ഞാന്‍ നിന്‍ സ്നേഹമമ്മേ
അറിയുന്നു ഞാന്‍ ഗൃഹാതുരത തന്‍ വേദനയും
കഴിയുമോ എനിക്കെന്നിലേക്കൊരു മടക്കം
കനിയുമോ അതിനായ് നീ ഭാരതാംബേ
കാത്തിരിക്കുന്നു അതിനായ് ഞാന്‍ പ്രവാസി
കാത്തിരിക്കുന്നു ഒടുക്കുവാനീ പ്രവാസം
എന്നെ ഞാനല്ലാതാക്കുമീ പ്രവാസം
കാത്തിരിക്കുന്നു ഒടുക്കുവാനീ പ്രവാസം
എന്നെ ഞാനല്ലാതാക്കുമീ പ്രവാസം