2014 മാർച്ച് 27, വ്യാഴാഴ്‌ച

ആത്മാവിൽ ഒരു ചിത - വയലാർ രാമവർമ്മ

(ഫേസ് ബുക്കിലെ ഒരു പോസ്റ്റ്‌ കണ്ടിട്ട് വീണ്ടും തപ്പിയെടുത്തു വായിച്ചു ഈ കവിത..... മനസ്സ് നുറുങ്ങുന്ന വേദന തരുന്ന കവിത. എന്നന്തരാത്മാവിനുള്ളിലെത്തീയിൽ വച്ചി- ന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ....)

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം
നിശ്ശബ്ദത പോലുമന്നു നിശ്ശബ്ദമായ്‌
വന്നവർ വന്നവർ നാലുകെട്ടിൽ തങ്ങി
നിന്നുപോയ് ഞാന്ന നിഴലുകൾ മാതിരി.
കത്തുന്നു കാറ്റിന്റെ കാണാത്ത കൈകളിൽ
എത്തിപ്പിടിക്കാൻ നിലവിളക്കിൻ തിരി.
ഇത്തിരിച്ചാണകം തേച്ച വെറും നിലത്ത്
അച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ?
പച്ചപ്പിലാവിലത്തൊപ്പി മെടഞ്ഞുകൊണ്ട്
അച്ഛന്റെ ചാരത്തിരുന്നതോർക്കുന്നു ഞാൻ
നാലു വയസ്സു തികഞ്ഞില്ലെനി,ക്കെഴു-
ത്തോലകളെല്ലാമുരുവിട്ടു തീർത്തു ഞാൻ.
ആരുവന്നാലും കിളിപോലെ ഞാൻ ചൊല്ലും
"ആ"മുതൽ "ക്ഷ"വരേക്കുള്ള വാർത്തകൾ
അന്നെനിക്കൊട്ടും മനസ്സുഖമില്ലെന്റെ
ചന്ദനപ്പമ്പരമെങ്ങോ കളഞ്ഞു പോയ്‌.!... .
വീടിന്നകത്തു കരഞ്ഞു തളർന്നമ്മ
വീണുപോയ്‌ നേരം വെളുത്ത നേരം മുതൽ
വാരിയെടുത്തെന്നെയുമ്മ വച്ചമ്മയ-
ന്നോരോന്നു ചൊല്ലിക്കരഞ്ഞ തോർക്കുന്നു ഞാൻ
നൊമ്പരം കൊണ്ടു വിതുമ്പി ഞാ-
നെൻ കളിപ്പമ്പരം കാണാതിരുന്നതു കാരണം.
വന്നവർ വന്നവരെന്നെ നോക്കിക്കൊണ്ടു
നിന്നു നെടുവീർപ്പിടുന്നതെന്തിങ്ങനെ?
ഒന്നുമെനിക്കു മനസ്സിലായില്ല,
അച്ഛൻ ഇന്നുണരാത്തതു,മുമ്മ തരാത്തതും
ഒച്ചയുണ്ടാക്കുവാൻ പാടില്ല ഞാന്റെ
അച്ഛനുറങ്ങിയുണർന്നെണീക്കും വരെ.
പച്ചപ്പിലാവില ത്തൊപ്പിയും വച്ചുകൊണ്ട്
അച്ഛന്റെ കണ്പീലി മെല്ലെത്തുറന്നു ഞാൻ
പെയ്തു തോരാത്ത മിഴികളുമായെന്റെ
കൈ തട്ടി മാറ്റീ പതുക്കെയെൻ മാതുലൻ
എന്നെയൊരാൾ വന്നെടുത്തു തോളത്തിട്ടു
കൊണ്ടു പോയ്‌;കണ്ണീരയാളിലും കണ്ടു ഞാൻ.
"എന്തുകൊണ്ടാണച്ഛ,നിന്നുണരാത്തതെ"-
ന്നെന്നെയെടുത്തയാളോടു ചോദിച്ചു ഞാൻ "
കുഞ്ഞിന്റെയച്ഛൻ മരിച്ചുപോ"യെന്നയാൾ
നെഞ്ഞകം പിഞ്ഞിപ്പറഞ്ഞു മറുപടി.
ഏതാണ്ടപകടമാണച്ഛനെന്നോർത്തു
വേദനപ്പെട്ട ഞാനൊന്നാശ്വസിച്ചു പോയ്‌
ആലപ്പുഴയ്ക്കുപോയെന്നു കേൾക്കുന്നതു പോലൊരു
തോന്നലാണുണ്ടായതപ്പോഴും
ആലപ്പുഴയ്ക്കു പോയ്‌ വന്നാലെനിക്കച്ഛ
നോറഞ്ചു കൊണ്ടത്തരാറുള്ള തോർത്തു ഞാൻ
അച്ഛൻ മരിച്ചതേയുള്ളൂ-
മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ.
എന്നിട്ടുമെന്നിട്ടുമങ്ങേ മുറിക്കകതെന്തിനാണമ്മ കരയുന്നതിപ്പോഴും?
ചാരത്തു ചെന്നു ഞാൻ ചോദിച്ചിതമ്മയോ
ടാരാണ് കൊണ്ടക്കളഞ്ഞതെൻ പമ്പരം?
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞു പോയ്‌
"കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ?"
അച്ഛനുണ്ടപ്പുറത്തിത്തിരി മുൻപു ഞാൻ
അച്ഛനെ ക്കണ്ടതാണുത്തരം നല്കി ഞാൻ
അമ്മ പറഞ്ഞു:"മകനേ നമുക്കിനി നമ്മളേയുള്ളു,
നിന്നച്ഛൻ മരിച്ചു പോയ്‌....."
വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാൾ,
പിന്നെ വെള്ളമുണ്ടിട്ടു പുതപ്പിച്ചിതച്ഛനെ
താങ്ങിപ്പുറത്തേക്കെടുത്തു രണ്ടാളുകൾ
ഞാൻ കണ്ടു നിന്നു;കരയുന്നു കാണികൾ
അമ്മ ബോധം കെട്ടു വീണുപോയ്‌
തൊട്ടടുത്തങ്ങേപ്പറമ്പിൽ ചിതാഗ്നി തൻ ജ്വാലകൾ
അച്ചിതാഗ്നിക്കു വലം വച്ചു ഞാനെന്തി
നച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ?
ഒന്നും മനസ്സിലായില്ലെനിക്കപ്പൊഴും
ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ
ഇത്തിരിക്കൂടി വളർന്നു ഞാനാരംഗ
മിപ്പൊഴോർക്കുമ്പോൾ നടുങ്ങുന്നു മാനസം
എന്നന്തരാത്മാവിനുള്ളിലെ ത്തീയിൽ വച്ചി
ന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ.

2013 മാർച്ച് 27, ബുധനാഴ്‌ച

ഗിറല്‍

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഇംഗ്ലീഷ് അധ്യാപകന്‍ അവധിയായതിനാല്‍ അന്ന് ഞങ്ങളുടെ മലയാളം സാര്‍ ആണ് ഇംഗ്ലിഷ് പഠിപ്പിക്കാനായി വന്നത്. വന്നപാടെ അദ്ദേഹം ചോക്കുമായി ബോര്‍ഡിനടുത്തേക്ക് നീങ്ങി. “നിങ്ങളുടെ നിലവാരം എങ്ങനെയുണ്ട്?" എന്നു നോക്കട്ടെ” എന്നു പറഞ്ഞ് ബോര്‍ഡില്‍ GIRL എന്നെഴുതുകയും ഓരോരുത്തരോടായി വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ക്ലാസ്സിലെ മിടുക്കനായ കുട്ടി ഗിറല്‍ എന്ന് വായിച്ചു. പിന്നീട് ഓരോരുത്തരോടായി വായിക്കാനാവശ്യപ്പെടുകയും മിടുക്കന്മാരും മിടുക്കികളുമടക്കം എല്ലാവരും ഗിറല്‍ എന്ന് വായിക്കുകയും ചെതു. എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് തോന്നിയ സാര്‍ അതു തുടച്ചിട്ട് girl എന്നെഴുതുകയും എല്ലാവരും ശരിയായി തന്നെ വായിക്കുകയും ചെയ്തു. ഒരു ചെറുചിരിയോടെ എങ്ങനെയെഴുതിയാലും വായിക്കാന്‍ കഴിയണമെന്ന് പറഞ്ഞ് ചമ്മലൊളിപ്പിച്ചു അദ്ദേഹം. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. നാലഞ്ചു വര്‍ഷം മുമ്പ് മരിച്ചു പോയി. ഇന്നും അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആ സംഭവം മനസ്സിലേക്ക് ഓടിയെത്തും.

ഒരു അനുഭവം...

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കണക്ക് പഠിപ്പിക്കുന്ന സാര്‍ വളരെ സ്ട്രിക്ക്റ്റും ദേഷ്യക്കാനുമായിരുന്നു. കണക്ക് മിക്കവര്‍ക്കും ബാലികേറാ മലയും. അതുകൊണ്ട് തന്നെ സാര്‍ ബോര്‍ഡിലേക്ക് തിരിയുമ്പോള്‍ എല്ലാവരും സംസാരിക്കുവാനും ആരംഭിക്കും. അന്നും പതിവു പോലെ സാര്‍ ക്ലാസ് ആരംഭിച്ചതും ഞങ്ങളുടെ ഇടയിലിരുന്ന ഒരു കുട്ടിക്ക് ഇക്കിള്‍ (എക്കിള്‍ എന്നു ചില ഭാഗങ്ങലില്‍ ) വന്നു. വല്ലാത്ത ശബ്ദത്തിലുള്ള ആ ഇക്കിള്‍ ശബ്ദം അടുത്തിരുന്നവരില്‍ ചിരി പടര്‍ത്തി. സര്‍ പതിവ് പോലെ “സൈലന്‍സ്” പറഞ്ഞു. ഇത്തിരി നേരത്തേക്ക് നിശബ്ദമായ ക്ലാസ്സില്‍ അടുത്ത ഇക്കിള്‍ ശബ്ദം കൂട്ട ചിരി പടര്‍ത്തി. അടുത്ത ഇക്കിളോടെ ആ ചിരി പെണ്‍കുട്ടികള്‍ക്കിടയിലേക്കും പടര്‍ന്നു. ദേഷ്യം പിടിച്ച സാര്‍ കാര്യം തിരക്കി. വീണ്ടും വീണ്ടും ആവര്‍ത്തിച്ച ഇക്കിള് ശബ്ദം മൂലം ചിരിയടക്കാന്‍ കഴിയാതിരുന്നതിനാല്‍ "ഇക്കിള്‍ " എന്നു മാത്രമേ സാറിനോട് പറയാന്‍ കഴിയുമായിരുന്നുള്ളൂ. “ആരാടാ ഇക്കിളിടുന്നതെ“ന്ന ചോദ്യവും ഒപ്പം അടുത്തു നിന്നും പഴയതിലും ഉച്ചത്തിലാവുന്ന ഇക്കിള്‍ ശബ്ദവും എല്ലാവരുടേയും ചിരി കൂടുതല്‍ ഉച്ചത്തിലാക്കി. വല്ലാത്ത ദേഷ്യത്തിലായ സാറിനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആര്‍ക്കും ആയതുമില്ല. പൊതുവേ ദേഷ്യക്കാരനായ അദ്ദേഹം വജ്രായുധമായ ചൂരലുമായി ആദ്യബഞ്ചിലെ ആദ്യ കുട്ടിയെ സമീപിച്ച് കൈ നീട്ടാനാവശ്യപ്പെട്ടു. ചിരിക്കിടയില്‍ കൈ നീട്ടിയ അവന് ആദ്യത്തെ പെഡ കിട്ടി. സാര്‍ രണ്ടാമനെ സമീപിച്ചു. അവനും കിട്ടി. കുട്ടികളുടെ ചിരി കൂടുന്നതിനനുസരിച്ച് കലി കയറിയ അദ്ദേഹം പ്രഹരത്തിന്റെ ശക്തിയും കൂട്ടി. അങ്ങനെ ആദ്യത്തെ ബഞ്ചും കഴിഞ്ഞ് രണ്ടാമത്തെ ബഞ്ചിലെ മൂന്നാമനായ ഇക്കിളുകാരന്റെ അടുത്തെത്തി. അവനും കൈ നീട്ടി. അവന്‍റെ കൈ നീട്ടലും ഇക്കിളു വരവും ഒന്നിച്ചായിരുന്നു. ആ പ്രത്യേക ശബ്ദം കേട്ട് ചിരിച്ചു പോയ അദ്ദേഹത്തിന് അപ്പോഴേ മനസ്സിലായുള്ളൂ ചിരിയുടെ പൊരുള്‍ . പക്ഷേ അതിനകം ഞാനടക്കമുള്ള എട്ടു പേര്‍ സാറിന്റെ കനത്ത ചൂരലിന്റെ രുചി അറിഞ്ഞിരുന്നു. വേദനക്കിടയിലും ചിരിക്കാന്‍ കഴിയുമെന്ന പാഠം അങ്ങനെ പഠിച്ചു.

ജോണിനൊപ്പം

കഴുത്തിലൊരു ഇഴക്കയറും, അതിലൂടെ ഒടിഞ്ഞ കൈകള്‍ തൂക്കിയിട്ട മാതിരി കൈകള്‍ രണ്ടും പിണച്ച് തിരുകി പ്രാകൃത വേഷത്തില്‍ കടന്നു വരുന്ന, കേരളത്തിലെ ഒരു കാമ്പസിനും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മനുഷ്യന്‍ - ജോണ്‍ ഏബ്രഹാം. ഒരു മുന്നറിയിപ്പുമില്ലാതെ കടന്നു വരുന്ന, എന്നാല്‍ ആവശ്യപ്പെടുമ്പോള്‍ ഒരിക്കലും കടന്നു വരാത്ത, പിടി തരാ‍ത്ത പ്രഹേളിക. ഒരു നേരത്തെ ആഹാരവും അടുത്ത താവളം വരെ വണ്ടിക്കൂലിയും. അതാണ് എന്നും ജോണിന്റെ ഡിമാന്റ്. എപ്പോഴും പെണ്‍കുട്ടികളോട് കടം വാങ്ങിയാണ് ജോണിനെ യാത്രയയക്കാറ്. അന്നും അതു തന്നെ സംഭവിച്ചു. ജോണിനു ചെങ്ങന്നൂര്‍ വരെ പോകാനുള്ളതും ഇത്തിരി കൂടുതലും പിരിവിലൂടെ സംഘടിപ്പിക്കാ‍നായി. നേരത്തെ തന്നെ ആഹാരമൊക്കെ കഴിഞ്ഞ് കഥയും കവിതയും നേരം പോക്കുമൊക്കെയായി ഇരിക്കവേ “എനിക്ക് വിശക്കുന്നേ” എന്ന് ഒരൊറ്റ കരച്ചിലാണ് ജോണ്‍ . പാതിരാത്രിയില്‍ ജംങ്ഷനിലെ തട്ടുകടയില്‍ മാത്രമാണ് എന്തെങ്കിലും ആഹാരം കിട്ടുക. ആരുടെ കൈയ്യിലും അഞ്ചു പൈസയില്ല. തട്ടുകടക്കാരനോട് കടം പറഞ്ഞു കാലു പിടിക്കാമെന്ന വിചാരത്തില്‍ എല്ലാവരുമായി ജംങ്ഷനിലേക്ക് വെച്ച് പിടിച്ചു. രണ്ടു ദിവസത്തിനകം എങ്ങനെയെങ്കിലും കടം വീട്ടാമെന്ന വ്യവസ്ഥയില്‍ തട്ട് ദോശയും കഴിച്ച് തിരികെ നടക്കുമ്പോല്‍ ജോണിനു നടക്കാന്‍ വയ്യ. എവിടെയെങ്കിലും ഇരിക്കണം, ഇരുന്നേ പറ്റൂ. അടുത്തു കണ്ട കടവരാന്തയില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ആ നട്ടപ്പതിരക്ക് എവിടെ നിന്നെന്നറിയില്ല ഒക്കത്ത് ഒരു കുഞ്ഞുമായി കൈ നീട്ടിക്കൊണ്ട് ഒരു സ്ത്രീ ഞങ്ങളുടെ മുന്നില്‍. പോകാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ അവര്‍ കൈ നീട്ടി ജോണിന്റെ മുന്നിലെത്തി. മറ്റൊന്നുമാലോചിക്കാതെ പോക്കറ്റിലുണ്ടായിരുന്ന മുഴുവന്‍ പൈസയും വാരി ജോണ്‍ ആ സ്ത്രീക്ക് കൊടുത്തു. ദേഷ്യത്തില്‍ ഉറഞ്ഞ് തുള്ളുന്ന ഞങ്ങളോടായി ജോണിന്റെ ഉപദേശവും “എടാ! മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്നതാടാ ഏറ്റവും മഹത്തായ കര്‍മ്മം. അതനുഭവിക്കണമെങ്കില്‍ നീ കൈ നീട്ടുക തന്നെ വേണം. അതെനിക്ക് അറിയാം”.
ഇനി ജോണിനെ പറഞ്ഞ് വിടാനായി ആ മഹത്തായ കര്‍മ്മം ഞങ്ങള്‍ ആരുടെ മുന്നില്‍ ചെയ്യുമെന്നതാ‍യിരുന്നു ഞങ്ങളുടെ അടുത്ത ചിന്ത. ജോണ്‍ അപ്പോഴേക്കും കട വരാന്ത പട്ടുമെത്ത ആക്കിയിരുന്നു. എപ്പോള്‍ ചെന്നാലും കഴിവത് സഹായിക്കുന്ന കള്ള് ഷാപ്പിലെ സി ഐ ടി യു സഖാക്കളെ മനസ്സില്‍ കണ്ട് ഞങ്ങളും ഓരോരുത്തരായി കട വരാന്തയില്‍ ചുരുണ്ടു കൂടി.

2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

പാചകവാതകത്തിന് പകരം വിറകുപയോഗിക്കണമെന്ന് പ്രധാനമന്ത്രി




ഇത്രവേഗം താങ്കൾ ഇന്ത്യയെ നാല്പതു വർഷം പിന്നിലേക്ക് നയിക്കുമെന്ന് അറിഞ്ഞിരുന്നില്ല സാർ. ഇതിനാണോ സാ പുരോഗമനം പുരോഗമനമെന്ന് പറയുന്നത്. താങ്കളെ പോലെ എക്കണോമിക്സ് പഠിക്കാത്തതു കൊണ്ട് മനസ്സിലാവുന്നുമില്ല. പ്രകടനപത്രിയിലെങ്കിലും കൊടുക്കേണ്ടതായിരുന്നു സർ. സാരമില്ല, വന്നത് വന്നു. അടുത്ത പ്രകടനപത്രികയിമറക്കരുതേ.. ഇന്നു പത്തു തൈ വെക്കണേന്ന് അമ്മെ വിളിച്ചു പറഞ്ഞു. നേരത്തെ വെച്ചിരുന്നെങ്കി ഈ കാലത്ത് വിറകിനു വെട്ടാമായിരുന്നു. പക്ഷേ അന്നറിഞ്ഞില്ലല്ലോ സാ താങ്ക അധികാരത്തി വരുമെന്ന്. അല്ലെങ്കിലും അപകടങ്ങ പറഞ്ഞിട്ടല്ലല്ലോ വരുന്നത്, അല്ലെ സാർ ??

2012 ഒക്‌ടോബർ 7, ഞായറാഴ്‌ച

ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന്റെ പത്തിക്കുള്ള അടിയാവണം ഈ സമരം...!!!

സംസ്ഥാനത്തെ പാചകവാതക റീഫില്ലിങ് കേന്ദ്രങ്ങളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഓഫീസുകളിലേക്കും സിപിഐ എം നേതൃത്വത്തില്‍ 10-10-2010 ബുധനാഴ്ച ബഹുജനങ്ങള്‍ മാര്‍ച്ച് ചെയ്യും. സബ്സിഡി സിലിണ്ടര്‍ വര്‍ഷം ആറെണ്ണമായി വെട്ടിക്കുറച്ചതിലും പാചകവാതക വിലവര്‍ധിപ്പിച്ചതിലും സിലിണ്ടര്‍ നല്‍കാതെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ -

ജനങ്ങളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങളേയല്ലെന്ന് കരുതുന്ന കേന്ദ്രവും, പാചകവാതകത്തിന് വില കൂട്ടിയപ്പോള്‍ ഇന്‍ഡക്ഷന്‍ കുക്കറിലൂടെ തങ്ങളുടെ കുടുംബ ബജറ്റിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മമാര്‍ക്ക് ഇരുട്ടടിയായി വില കൂട്ടണമെന്നുപദേശിക്കുന്ന സംസ്ഥാന സര്‍ക്കാരുമുള്ളപ്പോള്‍ , ജനങ്ങളുടെ പ്രതിഷേധങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാവാതെ ഒരു പരിഹാരം ഈ സമരത്തിലൂടെ ഉണ്ടാവണം. ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന്റെ പത്തിക്കുള്ള അടിയാവണം ഈ സമരം...!!!

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

സൂര്യനായ് തഴുകി ഉറക്കുമുണര്‍ത്തുമെന്‍ 
അഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോള്‍ 
അറിയാതെ ഉരുകുമെന്‍
അഛനെയാണെനിക്കിഷ്ടം..
“ആദരാഞ്ജലികള്‍ “
എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം. 

എന്നും ഓര്‍മ്മകളില്‍ നിറസാന്നിധ്യമായി .........!!!!