2010 നവംബർ 28, ഞായറാഴ്‌ച

ഭ്രമം

ഉച്ചസ്ഥായിയാം സൂര്യനു കീഴെ
തന്‍ നിഴല്‍ തേടിയലയും
ഭ്രാന്തനെ കണ്ടു ഞാന്‍
ഭ്രാന്തൊരു പകര്‍ച്ച വ്യാധിയെന്നു
പുലമ്പും ഭ്രാന്തനെ കണ്ടു ഞാന്‍

സുന്ദര സൌധങ്ങളാടംബര കാറുകള്‍
വിലയേറും വാച്ചുകള്‍
സൌന്ദര്യ ധാമങ്ങളിങ്ങനെ
നീളുന്ന നിന്‍ ഭ്രാന്തിന്‍
പട്ടികയിലില്ലാത്തതെന്തെന്ന്
ചോദിക്കും ഭ്രാന്തനെ കണ്ടു ഞാന്‍

ഒത്തു കിട്ടുകിലോടിയെടുക്കയും
ഒട്ടു കിട്ടാഞ്ഞാല്‍ മോഷ്ടിച്ചെടുക്കയും
തട്ടിപ്പറിക്കയോ നാശം വിതക്കയോ,
സംഹാരത്തിലുന്മാദം കാണും നീ
ആര്‍ത്തി പെരുത്തു കാട്ടുന്നതൊക്കെയും
ഭ്രാന്തല്ലെങ്കിലെന്തതിന്‍ പേര്‍
എന്തിനീ ഭ്രാന്തമാം ഭ്രമമോരോന്നിനോടും
ചൊല്ലു നീ മര്‍ത്ത്യാന്നു ചോദിക്കും
ഭ്രാന്തനെ കണ്ടു ഞാന്‍

വിശപ്പിന്നൊരു നേരമാഹാരമുണ്ടാകില്‍
വിശപ്പിനിടവേള ഓണമാക്കുമെന്‍
നേരിനെ ഭ്രാന്തെന്നു ചൊല്ലുമെന്‍ സോദരാ......
നിര്‍ത്തുമോ നിന്നാര്‍ത്തി
ഒന്നിനും പരിഹാരമാവില്ലയീയാര്‍ത്തി-
യെന്നാര്‍ത്തു വിളിക്കും
ഭ്രാന്തനെ കണ്ടു ഞാന്‍

ഇന്നിനെ മറന്നിട്ടു മിഥ്യയാം നാളെയെ
തേടുന്ന നിന്‍ പാഴ്‌വേലയെ ഭോഷ്‌കെന്നു ചൊല്ലുന്ന
എന്നറിവിനെ ഭ്രാന്താക്കും മാനവാ
എനിക്കോ നിനക്കോ ഭ്രാന്തെ-
ന്നു ചോദിക്കും ഭ്രാന്തനെ കണ്ടു ഞാന്‍

കണ്ടു ഞാനെന്‍ നിഴലിനെ പിന്നിലായ്
കണ്ടു ഞാന്‍ പടിഞ്ഞാറു സൂര്യനേയും
അറിയുന്നു ഞാനെന്നിലെ ഭ്രാന്തിനെ
അറിയില്ലൊരിക്കലും നീ
നിന്നിലെ ഭ്രാന്തനെ

പോകട്ടെ ഞാന്‍ നാളത്തെ ഉച്ചക്കായ്
കാത്തിരിക്കട്ടെ ഞാന്‍ നാളത്തെ ഭ്രാന്തിനെ
കാണട്ടെ ഞാനെന്നിലെ ഭ്രാന്തനെ
അറിയട്ടെ ഞാനെന്നിലെ ഭ്രാന്തിനെ
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍.........
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍.........

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ആ രോഗമുള്ള ജനത - ആര്‍. രാജന്‍ വെട്ടിയാര്‍

“ആരോഗ്യമുള്ള ജനത
രാജ്യത്തിന്നഭിമാനം”
ഇതെന്‍ രാജ്യത്തിന്‍ പുതു
പുത്തന്‍ മുദ്രാവാക്യം
മാറുന്ന മാറ്റുന്ന മുദ്രാവാക്യങ്ങള്‍ക്കിപ്പുറം
എങ്കിലോ മാറാത്ത മാറ്റാത്ത ജനതയും

അരവയറും അര്‍ദ്ധ പട്ടിണിയും
പിന്നെ മാറാരോഗങ്ങളും
കൂട്ടിനായുള്ളവര്‍
വിധിയെ ശപിച്ചും പരിതപിച്ചും
പിന്നെ ശാപജന്മത്തെയോര്‍ത്തു ഖേദിച്ചും
സ്വയം ശിക്ഷ വാങ്ങുവോര്‍

ഒന്നിനോടും പ്രതികരിക്കാത്തവര്‍
പ്രതികരണം തന്നെ മറന്നു ജീവിപ്പവര്‍
തന്നവകാശങ്ങളെന്തെന്നറിയാത്തോര്‍
എച്ചിലിലന്നം തേടുമാ ഗതികേടിനെ
പരിഹസിക്കാതീ വ്യവസ്ഥിതി
താങ്ങി നിര്‍ത്തീടുവോര്‍
അതിന്നു “ജയഹോ” പാടീടുന്നവര്‍
അതിലാഹ്ലാദം കാണുമാ ഭരണവര്‍ഗ്ഗവും
പിന്നതിനു സ്തുതിപാഠകരാം മുതലാളിത്തവും

“ആരോഗ്യമുള്ള ജനത
രാജ്യത്തിന്നഭിമാനം”
അതേ!അതെന്‍ രാജ്യത്തിന്‍ പുതു
പുത്തന്‍ മുദ്രാവാക്യം
അതിനെന്‍ തിരുത്ത്
“ആ രോഗമുള്ള ജനത
എന്‍ രാജ്യത്തിന്നഭിമാനം”

പ്രവാസി - ആര്‍. രാജന്‍ വെട്ടിയാര്‍

രാവേറെയായിട്ടും കൂടണയാതെ
നീട്ടിപ്പിടിച്ചൊരു കമ്പിയുമായ്
പോരിനിറങ്ങും പടയാളി പോല്‍
കുപ്പയിലന്നത്തെയപ്പത്തിന്‍ വക തേടും
നീയൊരു പ്രവാസി, ഇന്ത്യ തന്നഭിമാനമാം
ഇന്ത്യന്‍ പ്രവാസി

നിന്നെ പോഷിപ്പാന്‍ വകുപ്പുകളെത്രയോ
അതിന്‍ നേതാവായി തലപ്പത്തൊരു മന്ത്രിയും
നീയിന്ത്യതന്നഭിമാനമെന്നു പ്രധാനമന്ത്രി
നീയിന്ത്യതന്നന്നമെന്ന് ഓരോ മന്ത്രി പുംഗവനും
നീയില്ലാതിന്ത്യയില്ല പോല്‍
നീയില്ലാതില്ലയൊരാഘോഷവും

എന്നിനി മടക്കമെന്നറിയാതെ നീയുഴലുമ്പോള്‍
ചമക്കുന്നു നിനക്കായ് നിയമങ്ങളനവധി
നല്‍കുന്നു നിനക്ക് വാഗ്ദാനങ്ങളെഥേഷ്ടം
വരുന്നു വിമാനമേറി മന്ത്രിമാര്‍ നിന്നെ കാണാന്‍
വസിക്കുന്നു പഞ്ചനക്ഷത്ര കൂടാരത്തില്‍
തിരക്കുന്നു നിന്‍ വിശേഷങ്ങള്‍ പേര്‍ത്തും പേര്‍ത്തും
ചമക്കുന്നു നിനക്കായ് അവകാശപ്പട്ടിക
അവസാനമായിതാ വോട്ടവകാശവും

വേണ്ടിതൊന്നുമേ എനിക്ക് തെല്ലും
തരുമോ നീ ഒരു നേരത്തെ അന്നത്തിന്‍ വക
കഴിയുമോ എനിക്കീ എച്ചിലില്‍ നിന്നൊരു മോചനം
കഴിയുമോ എനിക്കെന്‍ വേരിലേക്കൊരു മടക്കം
അറിയുന്നു ഞാന്‍ നിന്‍ സ്നേഹമമ്മേ
അറിയുന്നു ഞാന്‍ ഗൃഹാതുരത തന്‍ വേദനയും
കഴിയുമോ എനിക്കെന്നിലേക്കൊരു മടക്കം
കനിയുമോ അതിനായ് നീ ഭാരതാംബേ
കാത്തിരിക്കുന്നു അതിനായ് ഞാന്‍ പ്രവാസി
കാത്തിരിക്കുന്നു ഒടുക്കുവാനീ പ്രവാസം
എന്നെ ഞാനല്ലാതാക്കുമീ പ്രവാസം

കാത്തിരിക്കുന്നു ഒടുക്കുവാനീ പ്രവാസം
എന്നെ ഞാനല്ലാതാക്കുമീ പ്രവാസം