കഴുത്തിലൊരു ഇഴക്കയറും, അതിലൂടെ ഒടിഞ്ഞ കൈകള്‍
തൂക്കിയിട്ട മാതിരി കൈകള്‍ രണ്ടും പിണച്ച് തിരുകി പ്രാകൃത വേഷത്തില്‍
കടന്നു വരുന്ന, കേരളത്തിലെ ഒരു കാമ്പസിനും പരിചയപ്പെടുത്തലിന്റെ
ആവശ്യമില്ലാത്ത മനുഷ്യന്‍ - ജോണ്‍ ഏബ്രഹാം. ഒരു മുന്നറിയിപ്പുമില്ലാതെ
കടന്നു വരുന്ന, എന്നാല്‍ ആവശ്യപ്പെടുമ്പോള്‍ ഒരിക്കലും കടന്നു വരാത്ത, പിടി
തരാത്ത പ്രഹേളിക. ഒരു നേരത്തെ ആഹാരവും അടുത്ത താവളം വരെ വണ്ടിക്കൂലിയും.
അതാണ് എന്നും ജോണിന്റെ ഡിമാന്റ്. എപ്പോഴും
പെണ്‍കുട്ടികളോട് കടം വാങ്ങിയാണ് ജോണിനെ യാത്രയയക്കാറ്. അന്നും അതു തന്നെ
സംഭവിച്ചു. ജോണിനു ചെങ്ങന്നൂര്‍ വരെ പോകാനുള്ളതും ഇത്തിരി കൂടുതലും
പിരിവിലൂടെ സംഘടിപ്പിക്കാനായി. നേരത്തെ തന്നെ ആഹാരമൊക്കെ കഴിഞ്ഞ് കഥയും
കവിതയും നേരം പോക്കുമൊക്കെയായി ഇരിക്കവേ “എനിക്ക് വിശക്കുന്നേ” എന്ന്
ഒരൊറ്റ കരച്ചിലാണ് ജോണ്‍ . പാതിരാത്രിയില്‍ ജംങ്ഷനിലെ തട്ടുകടയില്‍
മാത്രമാണ് എന്തെങ്കിലും ആഹാരം കിട്ടുക. ആരുടെ കൈയ്യിലും അഞ്ചു പൈസയില്ല.
തട്ടുകടക്കാരനോട് കടം പറഞ്ഞു കാലു പിടിക്കാമെന്ന വിചാരത്തില്‍ എല്ലാവരുമായി
ജംങ്ഷനിലേക്ക് വെച്ച് പിടിച്ചു. രണ്ടു ദിവസത്തിനകം എങ്ങനെയെങ്കിലും കടം
വീട്ടാമെന്ന വ്യവസ്ഥയില്‍ തട്ട് ദോശയും കഴിച്ച് തിരികെ നടക്കുമ്പോല്‍
ജോണിനു നടക്കാന്‍ വയ്യ. എവിടെയെങ്കിലും ഇരിക്കണം, ഇരുന്നേ പറ്റൂ. അടുത്തു
കണ്ട കടവരാന്തയില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ആ നട്ടപ്പതിരക്ക് എവിടെ
നിന്നെന്നറിയില്ല ഒക്കത്ത് ഒരു കുഞ്ഞുമായി കൈ നീട്ടിക്കൊണ്ട് ഒരു സ്ത്രീ
ഞങ്ങളുടെ മുന്നില്‍. പോകാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ അവര്‍ കൈ നീട്ടി
ജോണിന്റെ മുന്നിലെത്തി. മറ്റൊന്നുമാലോചിക്കാതെ പോക്കറ്റിലുണ്ടായിരുന്ന
മുഴുവന്‍ പൈസയും വാരി ജോണ്‍ ആ സ്ത്രീക്ക് കൊടുത്തു. ദേഷ്യത്തില്‍ ഉറഞ്ഞ്
തുള്ളുന്ന ഞങ്ങളോടായി ജോണിന്റെ ഉപദേശവും “എടാ! മറ്റുള്ളവരുടെ മുന്നില്‍ കൈ
നീട്ടുന്നതാടാ ഏറ്റവും മഹത്തായ കര്‍മ്മം. അതനുഭവിക്കണമെങ്കില്‍ നീ കൈ
നീട്ടുക തന്നെ വേണം. അതെനിക്ക് അറിയാം”.
ഇനി ജോണിനെ പറഞ്ഞ് വിടാനായി ആ മഹത്തായ കര്‍മ്മം ഞങ്ങള്‍ ആരുടെ മുന്നില്‍ ചെയ്യുമെന്നതായിരുന്നു ഞങ്ങളുടെ അടുത്ത ചിന്ത. ജോണ്‍ അപ്പോഴേക്കും കട വരാന്ത പട്ടുമെത്ത ആക്കിയിരുന്നു. എപ്പോള്‍ ചെന്നാലും കഴിവത് സഹായിക്കുന്ന കള്ള് ഷാപ്പിലെ സി ഐ ടി യു സഖാക്കളെ മനസ്സില്‍ കണ്ട് ഞങ്ങളും ഓരോരുത്തരായി കട വരാന്തയില്‍ ചുരുണ്ടു കൂടി.
ഇനി ജോണിനെ പറഞ്ഞ് വിടാനായി ആ മഹത്തായ കര്‍മ്മം ഞങ്ങള്‍ ആരുടെ മുന്നില്‍ ചെയ്യുമെന്നതായിരുന്നു ഞങ്ങളുടെ അടുത്ത ചിന്ത. ജോണ്‍ അപ്പോഴേക്കും കട വരാന്ത പട്ടുമെത്ത ആക്കിയിരുന്നു. എപ്പോള്‍ ചെന്നാലും കഴിവത് സഹായിക്കുന്ന കള്ള് ഷാപ്പിലെ സി ഐ ടി യു സഖാക്കളെ മനസ്സില്‍ കണ്ട് ഞങ്ങളും ഓരോരുത്തരായി കട വരാന്തയില്‍ ചുരുണ്ടു കൂടി.